തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ ഗവർണർ തടഞ്ഞ സുപ്രധാന നിയമനങ്ങൾ, പുതിയ സർക്കാരിനു നിർണായകം. രണ്ട് പിഎസ്സി അംഗങ്ങൾ, സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം, തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവരുടെ നിയമനങ്ങളാണ് ഗവർണർ തടഞ്ഞത്. ഇതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിന് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ ഇതിൽ ഗവർണർ ഉടൻ തീരുമാനമെടുക്കും. ജില്ലാ ജഡ്ജി പദവിയുള്ള നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ പദവിയിലെത്തും.
സംസ്ഥാന വിവരാവകാശ കമ്മീഷണറായി പാർട്ടി പ്രതിനിധി കൂടിയായ അഡ്വ. ഹരിലാലിനെ തെരഞ്ഞെടുപ്പു നിയമം മറികടന്നു നിയമിക്കാൻ ഗവർണറോടു മുഖ്യമന്ത്രി അധ്യക്ഷനായ സമിതി ശിപാർശ ചെയ്യുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് തെരഞ്ഞെടുപ്പു സമിതിയിലെ അംഗമായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭാവത്തിലായിരുന്നു നിയമിക്കാൻ ശിപാർശ ചെയ്തത്.
വിവരാവകാശ കമ്മീഷണറെ നിയമിക്കേണ്ട മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്തിരുന്നില്ല. പുതുയുഗ യാത്രത്തിൽ വി.ഡി. സതീശൻ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. തെരഞ്ഞെടുപ്പു സമിതി യോഗം ചേരേണ്ടതിന്റെ തലേ ദിവസം മാത്രമാണ് ഇക്കാര്യം പ്രതിപക്ഷ നേതാവിനെ അറിയിച്ചത്. മുൻകൂട്ടി അറിയിക്കാതിരുന്നതും ചട്ട വിരുദ്ധമായി ചൂണ്ടിക്കാട്ടപ്പെടുന്നു. നിയമനത്തിനെതിരേ പരാതി കൂടി ലഭിച്ചതോടെ ഫയലിൽ ഒപ്പിടാതെ പുതിയ സർക്കാർ വന്നശേഷം തീരുമാനമെടുക്കട്ടെയെന്നു രേഖപ്പെടുത്തി മാറ്റിവച്ചു.
പിഎസ്സിയിൽ ഒഴിവുള്ള രണ്ട് അംഗങ്ങളായ എൽഡിഎഫിലെ രണ്ടു പാർട്ടികളുടെ പ്രതിനിധികളായി ഐ. ഷിഹാബുദീനെയും അജയകുമാറിനെയും നിയമിക്കുകയായിരുന്നു. ഇതും തടഞ്ഞതോടെ പുതുതായി എത്തുന്ന സർക്കാരിനാകും നിർണായക തീരുമാനമെടുക്കാൻ കഴിയുക. തദ്ദേശ സ്ഥാപന ഓംബു ഡ്സ്മാനെ നിയമിക്കുന്ന ഫയലും പരാതിയെത്തുടർന്നു തടഞ്ഞുവച്ചിരിക്കുകയാണ്.ഇതോടൊപ്പം അടുത്ത സർക്കാർ അധികാരത്തിൽ എത്തുന്നതിനു പിന്നാലെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ജൂണിൽ ഡോ.എ. ജയതിലക് വിരമിക്കുകയാണ്.
പകരം നിയമനവും പുതിയ സർക്കാരിനു നടത്താനാകും. ഭരണം മാറി വന്നാൽ, ചീഫ് സെക്രട്ടറിക്കെതിരേ യുവ ഐഎഎസുകാർ ഉയർത്തുന്ന പരാതികളിൽ അന്വേഷണമുണ്ടാകുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നതാണ്. ജൂണിൽ വിരമിക്കാനിരിക്കുന്ന സംസ്ഥാന പോലീസ് മേധാവി രവതാ ചന്ദ്രശേഖറിന്റെ കാലാവധി നേരത്ത പിണറായി സർക്കാർ ഒരു വർഷം നീട്ടി നൽകിയിരുന്നു.